കോഴിക്കോട് : മത്സ്യബന്ധന ബോട്ടുകളിൽ എത്തിക്കുന്ന മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ സ്ഥാപനമായ എംപിഇഡിഎ ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ക്യൂബ് ഐസ് നിർമാണ യൂണിറ്റ് ഉപയോഗശൂന്യമായ സാഹചര്യത്തിൽ അടിയന്തരമായി പൊളിച്ചു നീക്കി അപകടസാധ്യത ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. വെള്ളവും വൈദ്യുതിയും ലഭിക്കാൻ കഴിയാത്തതിനാൽ യൂണിറ്റ് ഇതുവരെയും പ്രവർത്തിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള ഉത്തരവാദിത്വം മത്സ്യഫെഡിനാണെന്ന് എംപിഇഡിഎ ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും ഇത്തരം ഒരു കൈമാറ്റം നടന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
യന്ത്രത്തിന്റെ 80 ശതമാനം ഭാഗങ്ങളും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. പ്രാഥമിക പരിശോധനയിൽ ഇത് അറ്റകുറ്റപണികൾ നടത്തി പ്രവർത്തനക്ഷമമാക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏകദേശം അഞ്ചടിയോളം ഉയരമുള്ള കോൺക്രീറ്റ് സ്ലാബിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
പ്ലാറ്റ്ഫോമിൽ വിള്ളലുകൾ വീണു. ആൽമരങ്ങൾ വളർന്നു. പ്ലാറ്റ്ഫോമിന് മുകളിലുള്ള യന്ത്രഭാഗങ്ങൾ തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ അപകടസാധ്യത വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലമായതിനാൽ യന്ത്രം അടിയന്തരമായി പൊളിച്ച് നീക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
അപകടസാധ്യത പൂർണമായും ഒഴിവാക്കണമെന്ന് കമ്മിഷൻ ഫിഷറീസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.